
കൊച്ചി: ബാങ്ക് കെവൈസി അപ്ഡേറ്റിന്റെയും വാഹന ഗതാഗത നിയമലംഘനത്തിന്റെയും പേരിൽ വാട്സാപ്പിലൂടെ എത്തുന്ന വ്യാജ ലിങ്കുകൾ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കപ്പെടുകയുമാണ് ചെയ്യുന്നത്. കൊച്ചിയിൽ അടുത്തിടെ നടന്ന രണ്ടു സംഭവങ്ങളിലായി 78,076 രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സംഭവങ്ങളിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.
കെവൈസി വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന സന്ദേശമാണ് മരട് സ്വദേശിയായ 61കാരന് ലഭിച്ചത്. കഴിഞ്ഞ മാസം 13നാണ് ബാങ്കിൽനിന്നുള്ളതാണെന്ന് തോന്നിപ്പിക്കുന്ന സന്ദേശം വാട്സാപ്പിലെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽനിന്ന് വിരമിച്ച ഇദ്ദേഹം സന്ദേശം വിശ്വസിച്ച് അതിനൊപ്പമുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. എന്നാൽ ഉടൻ അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല.
ഈ മാസം രണ്ടിന് അക്കൗണ്ടിൽനിന്ന് മൂന്നു തവണകളിലായി 28,076 രൂപയും തൊട്ടടുത്ത ദിവസം 10,000 രൂപയും പിൻവലിക്കപ്പെട്ടു. ആകെ 38,076 രൂപയാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് സൈബർ തട്ടിപ്പിന് ഇരയായതായി വ്യക്തമായത്. പിന്നാലെ മരട് സ്വദേശി കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.
വാഹന ചലാനിന്റെ പേരിലായിരുന്നു രണ്ടാമത്തെ തട്ടിപ്പ്. കഴിഞ്ഞ ആഴ്ച ഗ്യാസ് സിലിണ്ടറുകളുമായി സർവീസ് നടത്തുന്ന ലോറിയുടെ ഉടമയായ ഡ്രൈവറുടെ ഫോണിലേക്ക് പിഴ അടയ്ക്കണമെന്ന സന്ദേശമെത്തി. ലോറിയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും ചലാനിലെ വിവരങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമായിരുന്നു നിർദേശം.
തിരക്കിലായിരുന്ന ഡ്രൈവർ സന്ദേശം പരിശോധിക്കുന്നതിനായി വിദേശത്തുള്ള സഹോദരന് കൈമാറി. സഹോദരൻ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ പേ നൗ (Pay Now) എന്ന ഓപ്ഷനിലേക്ക് മറ്റൊരു പേജിൽ എത്തി. ഇതിൽ ക്ലിക്ക് ചെയ്തതിനു പിന്നാലെ ഫോൺ പ്രവർത്തനരഹിതമായി. പിന്നീട് ഫോൺ സാധാരണ നിലയിലായെങ്കിലും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും അക്കൗണ്ടുകളിൽനിന്നായി 40,000 രൂപ നഷ്ടമായ വിവരം അറിയുന്നത്. പത്തുതവണകളായാണ് പണം പിൻവലിച്ചത്.
ഈ സംഭവത്തിലും കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അന്വേഷണം തുടരുകയാണ്. ബാങ്ക് വിവരങ്ങൾ പുതുക്കാനോ വാഹന പിഴ അടയ്ക്കാനോ ആവശ്യപ്പെട്ട് വാട്സാപ്പിൽ ലഭിക്കുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കുമെന്ന മുന്നറിയിപ്പാണ് സംഭവങ്ങൾ നൽകുന്നത്.










